കൊച്ചി: എറണാകുളം മരടിൽ രണ്ട് കണ്ടെയ്നർ അഴുകിയ മത്സ്യം പിടികൂടി. ആദ്യ കണ്ടെയ്നർ തുറന്നപ്പോൾ പുഴുവരിച്ച മത്സ്യമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാമത്തെ കണ്ടെയ്നറിൽ നിന്ന് അഴുകിയതും പുഴുനിറഞ്ഞതുമായ മത്സ്യം കണ്ടെത്തി. ആന്ധ്രാപ്രദേശിൽ നിന്നാണ് മത്സ്യം കൊണ്ടുവന്നതെന്നാണ് വിവരം.
ആദ്യ കണ്ടെയ്നറിലെ മത്സ്യത്തിന്‍റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. രണ്ടാമത്തെ കണ്ടെയ്നറിലെ മത്സ്യം ഉടൻ നശിപ്പിക്കാൻ തൃപ്പൂണിത്തുറയിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യം മുഴുവൻ പുഴു അരിച്ചിരിക്കുന്നതിനാൽ ഇവിടെ നിന്ന് ശക്തമായ ദുർഗന്ധമാണ് പുറത്തുവരുന്നത്.
ഞായറാഴ്ച വൈകുന്നേരവും ഈ കണ്ടെയ്നറിൽ നിന്ന് ചെറിയ വാഹനങ്ങളിലേക്ക് മത്സ്യം കൊണ്ടുപോയതായാണ് വിവരം. രണ്ട് കണ്ടെയ്നറുകളിൽ നിന്നും അസഹനീയമായ ദുർഗന്ധം വമിച്ച സാഹചര്യത്തിൽ വിവരം നാട്ടുകാർ മരട് നഗരസഭയെ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസും മരട് നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും ഇക്കാര്യത്തിൽ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.