Breaking News

ദരിദ്ര രാഷ്ട്രങ്ങളെ ശ്വാസം മുട്ടിക്കുന്നു; സമ്പന്ന രാജ്യങ്ങൾക്കെതിരെ വിമർശനവുമായി യുഎൻ മേധാവി

ദോഹ: സമ്പന്ന രാജ്യങ്ങൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കുമെതിരെ രൂക്ഷവിമർശനവുമായി യുഎൻ മേധാവി അന്‍റോണിയോ ഗുട്ടെറസ്. ഖത്തറിൽ നടന്ന ലോകത്തിലെ ഏറ്റവും വികസനം കുറഞ്ഞ രാജ്യങ്ങളുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഗുട്ടെറസ്. ഉയർന്ന പലിശ നിരക്കും ഇന്ധന, വൈദ്യുതി നിരക്കുകളും കാരണം അതിജീവിക്കാൻ പാടുപെടുന്ന ദരിദ്ര രാജ്യങ്ങളെ അവർ ശ്വാസം മുട്ടിക്കുകയാണെന്നായിരുന്നു ഗുട്ടെറസിൻ്റെ പരാമർശം.

കടക്കെണിയിലായ ദരിദ്ര രാജ്യങ്ങളെ സഹായിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം സമ്പന്ന രാജ്യങ്ങൾക്കും കുത്തകകൾക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്പന്ന രാജ്യങ്ങൾ ഈ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും ആരോഗ്യവും വിദ്യാഭ്യാസവും
ഉൾപ്പടെയുള്ള മേഖലകൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് പ്രതിവർഷം 500 ബില്യൺ ഡോളർ സംഭാവന നൽകണം. ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ, ദരിദ്ര രാജ്യങ്ങളോടുള്ള സമ്പന്ന രാജ്യങ്ങളുടെ പെരുമാറ്റത്തെയും ഗുട്ടെറസ് വിമർശിച്ചു.

ആഗോള സാമ്പത്തിക സംവിധാനം രൂപകൽപ്പന ചെയ്തത് സമ്പന്ന രാജ്യങ്ങളാണ്. ഇത് പ്രധാനമായും അവരുടെ നേട്ടത്തിന് വേണ്ടിയാണ്. സമ്പന്ന രാജ്യങ്ങൾ അവരുടെ മൊത്തം ദേശീയ വരുമാനത്തിന്‍റെ 0.15-0.20 ശതമാനം ദരിദ്ര രാജ്യങ്ങൾക്ക് നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അവികസിത രാജ്യങ്ങളുടെ (എൽഡിസി) ഉച്ചകോടി സാധാരണയായി 10 വർഷത്തിലൊരിക്കൽ നടക്കാറുണ്ട്. എന്നാൽ കോവിഡ് കാരണം 2021 മുതൽ രണ്ടു തവണ ഉച്ചകോടി നടത്താൻ സാധിച്ചില്ലായിരുന്നു. വികസനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലുള്ള അഫ്ഗാനിസ്ഥാനും മ്യാൻമറും യോഗത്തിൽ പങ്കെടുത്തില്ല. യു എൻ അംഗങ്ങൾ അവരുടെ സർക്കാരുകളെ അംഗീകരിക്കാത്തതാണ് കാരണം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …