കല്പറ്റ: ചികിത്സാ പിഴവ് മൂലം രക്താർബുദം ബാധിച്ച കുട്ടി മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഡോക്ടറിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ് 14 വർഷത്തിന് ശേഷം നടപ്പായി. പെണ്‍കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ ഡോ. പി.എം. കുട്ടിയില്‍നിന്ന് 1.75 ലക്ഷം രൂപ ആരോഗ്യവകുപ്പ് നഷ്ടപരിഹാരമായി വാങ്ങി നൽകി. ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്‍റെ അന്ത്യശാസനത്തെ തുടർന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നടപടി.
കണിയാമ്പറ്റ സ്വദേശിനി മിനി ഗണേഷിന്‍റെ മകൾ ആറര വയസ്സുകാരി അഞ്ജലി 2003 സെപ്റ്റംബർ 21നാണ് മരിച്ചത്. 1996 ഡിസംബർ അഞ്ചിനാന് രക്താർബുദത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിക്ക് ചികിത്സ തുടങ്ങിയത്. രോഗം ഭേദമായതായാണ് ഡോക്ടർ മാതാപിതാക്കളെ അറിയിച്ചത്.
2002 ൽ പെണ്‍കുട്ടിയുടെ കാഴ്ച മങ്ങാൻ തുടങ്ങി. ഇത് മൈഗ്രെയ്ൻ ആണെന്ന് പറഞ്ഞ് ഡോക്ടർ ചികിത്സ നൽകി. കാഴ്ചശക്തി പൂർണ്ണമായും നഷ്ടമായപ്പോൾ കോയമ്പത്തൂരിലെയും ബെംഗളൂരുവിലെയും ആശുപത്രികളിൽ നിന്നാണ് കീമോ പോലും ചെയ്യാൻ കഴിയാത്തവിധം ക്യാൻസർ പടർന്നതായി കണ്ടെത്തിയത്. തുടർന്നാണ് മിനി ഗണേഷ് കമ്മീഷനിൽ പരാതി നൽകിയത്.