തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കുള്ള കുടിവെള്ളത്തിന്‍റെ നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സമൂഹത്തിലെ ഭിന്നശേഷിക്കാർക്കും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും ബിപിഎൽ വിഭാഗത്തിനുള്ള അതേ സൗജന്യം നൽകുമെന്ന് മന്ത്രി അറിയിച്ചു. പരാതി പറഞ്ഞു കൊണ്ട് തനിക്കു ഫോൺ കോൾ ലഭിച്ചില്ലെന്ന് പറഞ്ഞതിനെ തുടർന്ന് ചില കോളുകൾ വന്നിരുന്നു. തന്നോട് സംസാരിച്ചവരോട് നിരക്ക് വർധനയിലേക്ക് നയിച്ച സാഹചര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വിളിച്ചവരിൽ ഒരാൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ പിതാവാണ്. ചാർജ് ഉയർത്തിയാൽ ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് ഭിന്നശേഷിക്കാർക്കും സമൂഹത്തിന്‍റെ പിന്തുണ ആവശ്യമുള്ളവർക്കും പഴയ നിരക്കിൽ കുടിവെള്ളം നൽകാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ മാനദണ്ഡങ്ങൾ രൂപീകരിക്കാൻ വകുപ്പിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം നിരക്ക് വർധന രാഷ്ട്രീയവത്കരിക്കരുതെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് വാട്ടർ അതോറിറ്റി കുടിവെള്ള ചാർജ് വർദ്ധിപ്പിച്ചത്.