തിരുവനന്തപുരം: ഇന്ധനവിലയിൽ ഏർപ്പെടുത്തിയ കനത്ത സെസ് പിൻവലിക്കില്ലെന്ന് എൽ.ഡി.എഫ് ഘടകകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെന്ന മാദ്ധ്യമ വാർത്തകൾ പ്രക്ഷോഭത്തിന്‍റെ പാതയിലുള്ള കേരളത്തിലെ ജനങ്ങളോടുള്ള അവഹേളനമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. ജനങ്ങളുടെ വികാരങ്ങളെ മാനിക്കാത്ത ധിക്കാരിയായ ഏകാധിപതിയുടെ ശബ്ദമാണിത്. പിണറായി സർക്കാർ മുട്ടുമടക്കുന്നതുവരെ നിയമസഭയിലും തെരുവിലും കോൺഗ്രസ് സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യസുരക്ഷാ പെൻഷൻ നൽകാനാണ് സെസ് കൂട്ടിയതെന്ന പ്രചാരണം തെറ്റാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സാമൂഹ്യസുരക്ഷാ പെൻഷൻ 2500 രൂപയായി ഉയർത്തുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന ഇടത് സർക്കാർ ഇപ്പോൾ നൽകുന്നത് 1600 രൂപ മാത്രമാണ്. അത്തരമൊരു വാഗ്ദാനം പിണറായി സർക്കാർ ഇപ്പോൾ ഓർക്കുന്നില്ല. രണ്ടാം പിണറായി സർക്കാർ ക്ഷേമപെൻഷൻ ഒരു രൂപ പോലും വർദ്ധിപ്പിച്ചില്ല. കഴിഞ്ഞ വർഷം ഡിസംബർ, ജനുവരി മാസങ്ങളിലെ പെൻഷൻ നൽകിയിട്ടില്ലെന്നും വിമർശിച്ചു.