തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താൽക്കാലിക വി.സിക്കെതിരെ സിൻഡിക്കേറ്റ്. വി.സി ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് സിൻഡിക്കേറ്റ് ആരോപിച്ചു. സിൻഡിക്കേറ്റ് യോഗത്തിന്‍റെയും ബോർഡ് ഓഫ് ഗവർണർമാരുടെയും തീരുമാനങ്ങളിൽ സിസ തോമസ് ഒപ്പിടാറില്ലെന്നാണ് സിൻഡിക്കേറ്റിന്റെ ആരോപണം.
സർവ്വകലാശാലയിലെ ദൈനംദിന പ്രവർത്തനങ്ങൾ സ്തംഭിച്ചു. വിദ്യാർത്ഥികളുടെ സപ്ലിമെന്‍ററി പരീക്ഷകൾ നടത്താൻ സാധ്യമല്ല. ജനുവരിയിൽ നടത്താനിരുന്ന പിഎച്ച്ഡി പ്രവേശനം മുടങ്ങിയെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു.
വിസി സിസ തോമസിന്‍റെ നടപടികൾ സർവകലാശാലയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്. സിസ തോമസിനെ എത്രയും വേഗം വി.സി സ്ഥാനത്ത് നിന്ന് മാറ്റണം. ഇതിനായി സർക്കാർ ഗവർണറോട് ശുപാർശ ചെയ്യണമെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.