ദുബായ്: ജൂലൈ ഒന്നിന് മുമ്പ് ഒരു ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത സ്വകാര്യ കമ്പനികൾക്ക് 7,000 ദിർഹം പിഴ ചുമത്തുമെന്ന് മാനവ വിഭവശേഷി മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ അൽ അവാർ. നേരത്തെ, ഒരു വർഷം മുഴുവൻ കണക്കെടുപ്പിന് ശേഷമാണ് നടപടിയെങ്കിൽ, ഇനി മുതൽ അർദ്ധ വാർഷിക കണക്കെടുപ്പ് നടത്തുകയും പിഴ ഈടാക്കുകയും ചെയ്യും.
കമ്പനിയിലെ മൊത്തം ജീവനക്കാരുടെ ഒരു ശതമാനമാക്കി ഒരാൾക്ക് 7,000 ദിർഹമാണ് പിഴ. 10 സ്വദേശികൾക്ക് നിയമനം നൽകേണ്ടതാണെങ്കിൽ 70,000 ദിർഹം പിഴ നൽകേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനി ഒരു വർഷത്തിൽ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. ഓരോ ആറുമാസം കൂടുമ്പോഴും ഒരു ശതമാനം എന്ന നിരക്കിലായിരിക്കണം നിയമനം. സ്വദേശിവൽക്കരണ കണക്കുകളിലും പിഴകളിലും മാറ്റമില്ലെങ്കിലും വാർഷിക പരിശോധന അർദ്ധ വാർഷിക പരിശോധനയായി മാറിയതാണ് പ്രധാന മാറ്റമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം രണ്ട് ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാത്ത കമ്പനികൾ ജൂലൈ ഒന്നിനകം മൂന്ന് ശതമാനം സ്വദേശിവൽക്കരണം കൈവരിക്കണം. 2027 ആകുമ്പോഴേക്കും 10 ശതമാനം സ്വദേശികളെയാണ് ലക്ഷ്യമിടുന്നത്.