Breaking News

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; കുട്ടിയെ കൈമാറിയത് ഇടനിലക്കാരൻ മുഖേന

കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ കുട്ടിയുടെ അമ്മ ഇപ്പോൾ വിദേശത്താണെന്നും കുഞ്ഞ് ജനിച്ചയുടൻ ഇടനിലക്കാരൻ വഴി തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയതായും വ്യക്തമായി.

അവിവാഹിതയായ യുവതിക്ക് ജനിച്ച കുഞ്ഞിനോട് ബന്ധുക്കൾക്ക് താത്പര്യമില്ലായിരുന്നു. ഇക്കാര്യം അറിഞ്ഞ തൃപ്പൂണിത്തുറ ദമ്പതികളുടെ ഗായക സുഹൃത്താണ് ഇടനിലക്കാരൻ. പ്രതി അനിൽകുമാറിന്‍റെ അറിവോടെയാണ് കുട്ടിയെ പിന്നീട് കൈമാറിയത്. നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയായ രഹ്ന ആശുപത്രിയിലെ റെക്കോർഡ്സ് വിഭാഗത്തിലെ ചില ജീവനക്കാരെ കേസിൽ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിട്ടുണ്ട്. 

അതേസമയം, വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ പ്രതികളായ അനിൽകുമാറും കുട്ടിയെ കൈവശം വച്ചിരുന്ന തൃപ്പൂണിത്തുറ സ്വദേശി അനൂപും കണ്ടുമുട്ടിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ജനുവരി 31ലെ കളമശ്ശേരി മെഡിക്കൽ കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ മെഡിക്കൽ കോളേജിൽ എത്തിയ തൃപ്പൂണിത്തുറ സ്വദേശി അനൂപ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റും കേസിലെ പ്രതിയുമായ അനിൽകുമാറിനെ കണ്ടുമുട്ടുന്നത് വീഡിയോയിൽ കാണാം. തുടർന്ന് അനിൽകുമാർ നഗരസഭാ കിയോസ്കിലെത്തി നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞ ഒക്ടോബർ ആദ്യവാരം മുതൽ തൃപ്പൂണിത്തുറ ദമ്പതികൾ ജനന സർട്ടിഫിക്കറ്റിനായി ശ്രമം തുടങ്ങിയതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി.  പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ തൃപ്പൂണിത്തുറയിലെ ദമ്പതികൾ ഒളിവിലാണ്. മുൻകൂർ ജാമ്യത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ വ്യാജരേഖ ചമച്ചതിനു പ്രേരണാകുറ്റം ചുമത്തുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …