കശ്മീർ : ഒഴുകി നടക്കുന്ന സ്വർഗം എന്നാണ് കശ്മീരിന്റെ വശ്യസൗന്ദര്യത്തിന് കാരണക്കാരിയായ ദാൽ നദിയുടെ മറ്റൊരു പേര്. ഈ നദിയെ സ്വന്തം കൂട്ടുകാരിയായികണ്ട് സംരക്ഷിച്ചു വരികയാണ് ഒരു പെൺകുട്ടി. അവളുടെ പേരിനർത്ഥവും സ്വർഗം എന്ന് തന്നെ.
അസ്ഥികൾ പോലും മരവിക്കുന്ന ദാൽ തടാകക്കരയിലെ മഞ്ഞ് ജന്നത്തിന് പ്രശ്നമേയല്ല. മൂന്നാം വയസ്സുമുതൽ നദിയിലെ മാലിന്യം നീക്കി അതിനെ സംരക്ഷിക്കുകയാണവൾ. ഇപ്പോൾ ജന്നത്തിന് പത്ത് വയസ്സ്. ഒരു നാടിന്റെ മുഖമുദ്രയായ നദിയെ പൊന്നുപോലെ കാക്കുന്ന പെൺകുട്ടിയെ തേടി പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങളും എത്തിയിരുന്നു.
ഹാഞ്ചി സമുദായത്തിൽപ്പെട്ട ജന്നത്തിന്റെ കുടുംബം തലമുറകളായി ദാൽ നദിക്കരയിലാണ് താമസം. വഞ്ചിയിൽ കെട്ടി ഉയർത്തിയ വീടിനുള്ളിൽ ഇരുന്നുകൊണ്ട് ജന്നത്ത് സഞ്ചാരികളെ നിരീക്ഷിച്ചുകൊണ്ടേയിരിക്കും. നദിയിലേക്ക് പ്ലാസ്റ്റിക് കവറുകൾ, മദ്യകുപ്പികൾ എന്നിവ വലിച്ചെറിയരുതെന്ന് അവരെ ഓർമ്മപ്പെടുത്തും. ഇനി നദിയിൽ എവിടെയെങ്കിലും മാലിന്യം ഒഴുകി നടക്കുന്നത് കണ്ടാൽ വഞ്ചിയിൽ പോയി അതു ശേഖരിച്ചുകൊണ്ടു വരുകയും ചെയ്യും. അച്ഛൻ താരിഖിനൊപ്പം കുഞ്ഞുനാൾ മുതൽ ആരംഭിച്ചതാണ് ഈ ശീലം. പിന്നെ എല്ലാം ദാൽ നദിയായി മാറി. ഹാഞ്ചി സമുദായം നിലനിൽക്കണമെങ്കിൽ ദാൽ നദി സംരക്ഷിക്കപ്പെടണം എന്നാണ് ജന്നത്ത് പറയുന്നത്.