ഇസ്ലാമാബാദ്: ഇന്ത്യയിലേക്ക് പുറപ്പെട്ട 190 ഓളം ഹിന്ദുക്കളെ പാകിസ്ഥാൻ അധികൃതർ തടഞ്ഞുവച്ചതായി വിവരം. സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന 190 ഹിന്ദുക്കളെ ഇന്ത്യാ സന്ദർശനത്തിന്‍റെ ഉദ്ദേശ്യത്തെക്കുറിച്ച് തൃപ്തികരമായ പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പാകിസ്ഥാൻ അധികൃതർ തടഞ്ഞതായാണ് റിപ്പോർട്ട്.
സിന്ധിന്‍റെ ഉൾപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള കുടുംബങ്ങൾ തീർത്ഥാടന വിസയിൽ ഇന്ത്യയിലേക്ക് പോകാൻ ചൊവ്വാഴ്ച വാഗാ അതിർത്തിയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ യാത്രയുടെ ഉദ്ദേശം വിശദീകരിക്കാൻ കഴിയാത്തതിനാൽ പാകിസ്ഥാൻ ഇമിഗ്രേഷൻ അധികൃതർ ഇവരെ വിട്ടയച്ചിട്ടില്ല.
ഹിന്ദു കുടുംബങ്ങൾ തീർത്ഥാടന വിസയിൽ ഇന്ത്യയിലേക്ക് വരികയും ദീർഘകാലം താമസിക്കുകയും ചെയ്യുന്നുണ്ടെന്നും നിലവിൽ ധാരാളം പാകിസ്ഥാനി ഹിന്ദുക്കൾ രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങളിൽ നാടോടികളായി താമസിക്കുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്താനിലെ ജനസംഖ്യയുടെ 1.18 ശതമാനം മാത്രമാണ് ഹിന്ദുക്കൾ. പാകിസ്ഥാനിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് രാജ്യത്തെ നിയമനിർമ്മാണ സംവിധാനത്തിൽ പ്രാതിനിധ്യം കുറവാണ്. പാകിസ്താനിലെ ഹിന്ദു ജനസംഖ്യയുടെ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണ് താമസിക്കുന്നത്.