ന്യൂഡൽഹി: ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സ്ത്രീക്ക് ജനിക്കുന്ന കുഞ്ഞുമായി ജനിതക ബന്ധം പാടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം ഗർഭധാരണത്തിനായി ഉപയോഗിക്കരുത്. വാടക ഗർഭപാത്രം തേടുന്നവർ ആരാണോ അവരുടെ അണ്ഡവും ബീജവും വേണം ഇതിനായി ഉപയോഗിക്കാൻ എന്നും സർക്കാർ വ്യക്തമാക്കി.
വാടക ഗർഭധാരണ നിയമത്തിലെ സെക്ഷൻ 4(3) ബി(3) പ്രകാരം ഗർഭപാത്രം വാടകയ്ക്ക് നൽകുന്നവർ സ്വന്തം അണ്ഡം നൽകരുതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വാടക ഗർഭപാത്രം തേടുന്ന ദമ്പതികൾക്കോ സ്ത്രീകൾക്കോ (വിധവകളോ വിവാഹമോചിതരോ) മാത്രമേ കുട്ടിയുമായി ജനിതക ബന്ധം ഉണ്ടായിരിക്കാവൂ. വിധവയോ വിവാഹമോചിതയോ ആണെങ്കിൽ, അവരുടെ അണ്ഡവും പുരുഷ ദാതാവിന്റെ ബീജവും ആയിരിക്കണം ഉപയോഗിക്കേണ്ടത്.
ഗർഭപാത്രം വാണിജ്യാടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്നത് നിരോധിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. വാടക ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ അണ്ഡം ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.