കേപ്ടൗൺ: ഓസ്ട്രേലിയ Vs റെസ്റ്റ് ഓഫ് ദ് വേൾഡ്; വനിതാ ടി20 ലോകകപ്പിനുള്ള മാച്ച് ഫോർമുലയാണിത്. ഇത്തവണയും അതിന് മാറ്റമില്ല. ആറാം കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയ ഇറങ്ങുമ്പോൾ ലോകകപ്പിന്‍റെ എട്ടാം പതിപ്പിൽ ഇന്ത്യയും ഇംഗ്ലണ്ടും ഓസീസ് ആധിപത്യത്തെ തകർക്കാൻ ശ്രമിക്കും. 2020 ൽ അഞ്ചാം കിരീടം സ്വന്തമാക്കിയതിന് ശേഷവും ഓസ്ട്രേലിയൻ വനിതാ ടീം മികച്ച ഫോമിലാണ്. 22 മാസത്തിനിടെ ഒരു ടി20 മത്സരം മാത്രമാണ് ഇവർ തോറ്റത്. ഇന്ത്യക്കെതിരായ സൂപ്പർ ഓവറിലായിരുന്നു അത്.
ഇത്തവണയും ഓസ്ട്രേലിയയെ വെല്ലുവിളിക്കുന്ന ടീമുകളിൽ ഒന്ന് ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യ തന്നെയാണ്. കഴിഞ്ഞ വർഷം ഫൈനലിലെ തോൽവിക്ക് പകരം വീട്ടാനാവും ഇന്ത്യ ശ്രമിക്കുക. അണ്ടർ 19 വനിതാ ടീം കഴിഞ്ഞ മാസം ഇവിടെ ലോകകപ്പ് നേടിയതും സീനിയർ ടീമിന് പ്രചോദനം തന്നെയാണ്. ജൂനിയർ ടീമിന്‍റെ ക്യാപ്റ്റൻമാരായിരുന്ന ഷെഫാലി വർമ, റിച്ച ഘോഷ് എന്നിവരും ഈ ടീമിലുണ്ട്.
ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഇന്ന് ശ്രീലങ്കയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10.30നാണ് മത്സരം.