തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാനയാത്രാ ചെലവിനായി 30 ലക്ഷം അധിക തുക അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിൽ അനുവദിച്ച തുക ഇതിനകം ചെലവഴിച്ചതിനാലാണ് അധിക തുക അനുവദിച്ചത്. ഡിസംബർ 30നാണ് ഗവർണറുടെ സെക്രട്ടറി പണം ആവശ്യപ്പെട്ടത്.
ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇറങ്ങിയത്. സംസ്ഥാനത്ത് കർശന സാമ്പത്തിക നിയന്ത്രണവും അധിക നികുതി വ്യവസ്ഥയും നിലനിൽക്കെയാണ് അധിക തുക ഗവർണർക്ക് അനുവദിച്ചത്.
രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെയും 20 താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താൻ ഗവർണർ നേരത്തെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം പരിഗണിച്ച സർക്കാർ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിയിരുന്നു. പ്രത്യേക താൽപ്പര്യ പ്രകാരം മുഖ്യമന്ത്രിക്ക് ഗവർണർ അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്ന്, ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ പറയുന്നു. ഫെബ്രുവരി 17നാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്.