കോഴിക്കോട്: ചിന്തക്കെതിരായ പരാമര്‍ശത്തിലുറച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചിന്താ ജെറോമിനെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സി.പി.എം സുഹൃത്തുക്കളും വിളിച്ചു പറഞ്ഞുവെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
ചിന്ത ജെറോമിനെ ചൂൽ മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം. കമ്മിഷനടിക്കൽ മാത്രമാണ് ചിന്തയുടെ ജോലിയെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇന്നലെ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഈ പരാമർശം മോശമല്ലെന്നും ചിന്ത ചെയ്യുന്നതാണ് അൺപാർലമെന്ററിയെന്നും സാധാരണ ജനം പ്രതികരിക്കുന്ന തരത്തിലാണ് താനും പ്രതികരിച്ചതെന്നും കളക്ടറേറ്റ് മാർച്ചിലെ പ്രസംഗത്തിനു ശേഷം സുരേന്ദ്രൻ പറഞ്ഞിരുന്നു.
അതേസമയം, ചിന്താ ജെറോമിനെതിരായ കെ സുരേന്ദ്രന്റെ പ്രസ്താവന ഒരു വ്യക്തിയുടെ ഭാഷാ സംസ്കാരമാണ് കാണിക്കുന്നതെന്ന് ബിജെപി നേതാവ് പി ആർ ശിവശങ്കർ വിമർശിച്ചു. സ്ത്രീകൾ ആയ എതിരാളികളെ വിമർശിക്കുമ്പോൾ മാന്യതയുടെ അതിര് കടക്കരുതെന്നും ശിവശങ്കരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.