തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ന്യൂമോണിയ പൂർണമായും ഭേദമായതായി ഡോക്ടർമാർ അറിയിച്ചു. പനിയും ശ്വാസ തടസവുമില്ല. കഴിഞ്ഞ 48 മണിക്കൂറായി ഓക്സിജൻ സപ്പോർട്ടും ആവശ്യം വന്നിട്ടില്ല. അദ്ദേഹം പത്രം വായിക്കുകയും ഡോക്ടർമാരോടും കുടുംബത്തോടും സംസാരിക്കുകയും ചെയ്തു. ന്യൂമോണിയ പൂർണമായും ശമിച്ചതിനാൽ തുടർ ചികിത്സയ്ക്കായി കൊണ്ടുപോകാമെന്നും നിംസ് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. നിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിലെ സംഘവും അദ്ദേഹത്തിന്‍റെ ആരോഗ്യനില വിലയിരുത്തി.
തുടർ ചികിത്സയ്ക്കായി എങ്ങനെ കൊണ്ടുപോകണമെന്ന് കുടുംബം തീരുമാനിക്കും. തുടർ ചികിത്സയ്ക്ക് പോകണമെന്ന് ഉമ്മൻ ചാണ്ടിയും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമായാലുടൻ ഡിസ്ചാർജ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. തുടർ ചികിത്സയ്ക്ക് കൊണ്ടുപോകാൻ ആശുപത്രിയുടെ സഹായം തേടിയാൽ നൽകാൻ തയ്യാറാണ്. ഉമ്മൻ ചാണ്ടിയുടെ കൂടെ പോകാൻ രണ്ട് ഡോക്ടർമാരെയും രണ്ട് പാരാമെഡിക്കൽ ജീവനക്കാരെയും ഏർപ്പാടാക്കിയിട്ടുണ്ടെന്നും ബാക്കി കുടുംബത്തിന്‍റെ ആവശ്യപ്രകാരം ചെയ്യുമെന്നും ഡോ.മഞ്ജു തമ്പി പറഞ്ഞു.
ആരോഗ്യനില മോശമായതിനെ തുടർന്ന് ഈ മാസം ആറിനാണ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരം നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ഓക്സിജൻ സപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.