റിയാദ്: അടിയന്തര പ്രഥമ ശുശ്രൂഷ നൽകാൻ സ്ത്രീകളെ നിയോഗിക്കാൻ ജിദ്ദ വിമാനത്താവളം. ഇതിനാവശ്യമായ പരിശീലന പരിപാടി ആരംഭിച്ചു. സൗദി അക്കാദമി ഓഫ് സിവിൽ ഏവിയേഷനുമായി സഹകരിച്ച് ജിദ്ദ എയർപോർട്ട് കമ്പനിയാണ് അടിയന്തിര സാഹചര്യങ്ങളിൽ വിമാനത്താവളത്തിൽ നൽകേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ച് സ്ത്രീകൾക്ക് പരിശീലനം നൽകുന്നത്.
ഇതാദ്യമായാണ് സൗദിയിലെ വിമാനത്താവളങ്ങളിൽ ഇത്തരമൊരു പരിശീലന പരിപാടി ആരംഭിക്കുന്നത്. മൂന്ന് മാസത്തെ പരിശീലനത്തിനു ശേഷം ഇവർക്ക് ജോലി നൽകും. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം സ്ത്രീ ശാക്തീകരണത്തിനും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമാണ് ഇത്തരമൊരു പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ആളുകളെ ഒഴിപ്പിക്കൽ, സുരക്ഷ, ആരോഗ്യ നടപടിക്രമങ്ങൾ, പരിക്കേറ്റവരെ വിമാനത്താവളങ്ങളിലേക്ക് കൊണ്ടുപോകൽ, വിമാനത്താവളത്തിലെ അടിയന്തിര നടപടികളെക്കുറിച്ചും പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങളെയും വ്യവസ്ഥകളെയും കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കൽ എന്നിവ പരിശീലനത്തിൽ ഉൾപ്പെടും.