ന്യൂ ഡൽഹി: സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ അധിക യാത്രാബത്ത അനുവദിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടല്ല തുക അനുവദിച്ചതെന്നും ഗവർണർ ഡൽഹിയിൽ പ്രതികരിച്ചു. രാജ്ഭവന്‍റെ പ്രോട്ടോക്കോൾ അനുസരിച്ചാണ് ഇതെല്ലാം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടെ ഗവർണറുടെ വിമാനയാത്രയ്ക്ക് സർക്കാർ 30 ലക്ഷം രൂപ അധികമായി അനുവദിച്ചത് വിവാദമായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ വിമാന യാത്രയ്ക്കായി സർക്കാർ അനുവദിച്ച പണം പൂർണമായും ചെലവഴിച്ചതിനെ തുടർന്നാണ് കൂടുതൽ തുക അനുവദിക്കേണ്ടി വന്നത്.
ഡിസംബർ 30ന് അധിക ഫണ്ട് ആവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നൽകിയിരുന്നു. സർക്കാർ-ഗവർണർ യുദ്ധം നടക്കുന്ന സമയത്താണ് ഈ ആവശ്യം ഉന്നയിച്ചത്. സർക്കാർ-ഗവർണർ തർക്കത്തിൽ മഞ്ഞുരുകിയതോടെ ധനവകുപ്പ് ഫയൽ പരിഗണിച്ചു. ഗവർണറുടെ വിമാന യാത്രയ്ക്കായി ചെലവഴിച്ച തുക അനുവദിക്കുന്നതിന് അധിക ഫണ്ട് അനുവദിക്കണമെന്ന് ജനുവരി 24ന് എക്സ്പെൻഡിച്ചർ വിങ് ബജറ്റ് വിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു.