കൊച്ചി: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവർത്തകയെ പുരുഷ പൊലീസ് മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കൊച്ചി ഡിസിപി ആവശ്യപ്പെട്ടു. എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ പരാതിയിലാണ് നടപടി.
പുരുഷ പൊലീസുകാർ തന്നെ ദേഹത്ത് പിടിച്ച് വലിച്ച് ആക്രമിച്ചെന്നും, തല്ലിയും തലക്കടിച്ചുമാണ് പൊലീസ് വാഹനത്തിൽ കയറ്റിയതെന്നും, ‘പോടി’ എന്ന് വിളിച്ച് ആക്രോശിക്കുകയും ചെയ്തുവെന്നുമാണ് കെ.എസ്.യു പ്രവർത്തക മിവ ജോളി ആരോപിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ച പൊലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് എറണാകുളം ഡിസിസി പ്രസിഡന്റ് ഡിജിപിക്ക് പരാതി നല്‍കിയത്.
കളമശ്ശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. എന്നാൽ പ്രതിഷേധം തടയാൻ വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്നും പുരുഷ പൊലീസുകാർ ദേഹത്ത് പിടിച്ച് വലിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് മിവയുടെ ആരോപണം.