ബെംഗളൂരു: എച്ച്സിജി കാൻസർ സെന്‍ററിലെ ഡോക്ടർമാർ ഉമ്മൻ ചാണ്ടിയെ പരിശോധിച്ചെന്ന് മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ഡോ. വിശാൽ റാവുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പോഷകാഹാരക്കുറവിന്‍റെ ബുദ്ധിമുട്ടുകൾ ഉമ്മൻചാണ്ടിക്കുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമം നടത്തും. തുടർചികിത്സയുമായി ബന്ധപ്പെട്ട് നാളെ ഡോക്ടർമാരുടെ യോഗം ചേരുമെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു.
ന്യൂമോണിയ ബാധിച്ച് മാറിയ ശേഷവും പ്രതിരോധശേഷി കുറഞ്ഞിട്ടില്ലെന്നും അത് ആശ്വാസകരമാണെന്നും ഡോക്ടർമാർ അറിയിച്ചതായി ചാണ്ടി ഉമ്മൻ പറഞ്ഞു. തുടർചികിത്സകൾ എങ്ങനെ വേണമെന്ന കാര്യത്തിൽ നാളെ ഡോക്ടർമാർ യോഗം ചേർന്ന് തീരുമാനമെടുക്കും. കൊച്ചിയിലെ ഡോക്ടർമാരുടെ സംഘം ഇവരുമായി ചർച്ച നടത്തിവരികയാണെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ഉച്ചയോടെയാണ് ഉമ്മൻചാണ്ടിയെ കുടുംബസമേതം ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലെത്തിച്ചത്.
ന്യൂമോണിയ ഭേദമായതിനെ തുടർന്നാണ് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ മെഡിക്കൽ സംഘവും സർക്കാരിന്റെ മെഡിക്കൽ ബോർഡും തുടർചികിത്സയ്ക്ക് അനുമതി നൽകിയത്. മൊബൈൽ ഐസിയു ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ആംബുലൻസ് ഒരുക്കിയിരുന്നെങ്കിലും ഉമ്മൻചാണ്ടിയുടെ ആവശ്യപ്രകാരം കാറിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര നടത്തിയത്. ബെന്നി ബെഹനാൻ, പി.സി.വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളും ഉമ്മൻചാണ്ടിക്കൊപ്പം വിമാനത്താവളം വരെ ഉണ്ടായിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം അനാവശ്യമാണെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.