കണ്ണൂർ : കെ.വി. സുമേഷ് എം.എൽ.എയുടെ ഇടപെടലിൽ നാല് നിർധനർ പുതുജീവിതത്തിലേക്ക്. പുതിയതെരുവ് പാതയോട് ചേർന്ന് ചായ്പ്പിൽ വാടകനൽകി കഴിഞ്ഞിരുന്ന വേലായുധനും കുടുംബവുമാണ് ശുഭപ്രതീക്ഷകളോടെ ജീവിതത്തെ സമീപിക്കാൻ ഒരുങ്ങുന്നത്.
ഭാര്യ, സഹോദരി, ഭിന്നശേഷിക്കാരനായ മകൻ എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. എം.എൽ.എ സംസാരിച്ചതിനെ തുടർന്ന് മറ്റൊരു മകൻ ഇവരെ താൻ താമസിക്കുന്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകി. ഭിന്നശേഷിക്കാരനായ മകനും, പ്രായാധിക്യമുള്ള വേലായുധനും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കിയ എം.എൽ.എ, വർഷങ്ങളായി താമസിക്കുന്ന വാടകവീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുമ്പോഴുള്ള നഷ്ടപരിഹാരം ലഭിക്കണമെന്ന വേലായുധന്റെ ആഗ്രഹത്തിന് പരിഹാരം കാണാൻ കെട്ടിട ഉടമയുമായും സംസാരിച്ചു.
മെഡിക്കൽ ഓഫീസർ എത്തി വേലായുധനെയും കുടുംബത്തെയും പരിശോധിക്കുകയും ചെയ്തു. ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.അനിൽകുമാർ, എ.ഡി.എം കെ.കെ ദിവാകരൻ, ജില്ലാ സാമൂഹിക നീതി ഓഫീസർ എം.അഞ്ജു മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ചന്ദ്രമോഹൻ, സ്ഥിരസമിതി ചെയർമാൻമാരായ എൽ. ശശീന്ദ്രൻ, കെ.വത്സല, വില്ലേജ് ഓഫീസർ എ.കെ. ആരിഫ് എന്നിവർ സാന്നിധ്യമറിയിച്ചു.