അഗര്‍ത്തല: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് പഠനം നടക്കുകയാണ്. പഴയ പെൻഷൻ രീതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലും കേന്ദ്ര നിലപാട് നിർണായകമാകും. രാജസ്ഥാനിലുൾപ്പടെ നേരത്തെ അടച്ച പണം എങ്ങനെ തിരികെ നൽകുമെന്നതിൽ അവ്യക്തതയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇടതുമുന്നണി സർക്കാരിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പങ്കാളിത്ത പെൻഷൻ പിന്‍വലിക്കല്‍. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പിൻവലിച്ചു. ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് ബാലഗോപാലിന്‍റെ പരാമർശം.