കർണാടക : കുടുംബവും, പൊതുസമൂഹവും എക്കാലവും മുഖ്യധാരയിൽ നിന്ന് അകറ്റി നിർത്തിയിട്ടുള്ള ട്രാൻസ്ജെൻഡേഴ്‌സ് ഇന്ന് അവരുടെ ജീവിതം പുനർനിർമിച്ച് അതിജീവനത്തിന്റെ പാതയിലാണ്.
ഇത്തരത്തിൽ, ഉഡുപ്പി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു സംഘം ട്രാൻസ്ജെൻഡേഴ്‌സ് രാത്രിയിൽ ഭക്ഷണം തേടുന്നവർക്കായി കാന്റീൻ തുറന്ന് സ്വയംപര്യാപ്തത നേടുകയാണ്. ഉഡുപ്പി തെരുവോരങ്ങളിൽ ഭിക്ഷാടനത്തിലൂടെ ജീവിതത്തോട് പോരാടിയിരുന്ന പൂർവ്വി, വൈഷ്ണവി, ചന്ദന എന്നീ മൂന്ന് പേരാണ് ഉഡുപ്പി ബസ് സ്റ്റാൻഡിന് സമീപം പുതുസംരംഭം ആരംഭിച്ചിരിക്കുന്നത്.
നഗരത്തിൽ വഴി തെറ്റി അലയുന്നവർക്കായി പുലർച്ചെ 1മുതൽ 7 വരെ ഇവരുടെ കാന്റീൻ തുറന്നിരിക്കും. രാത്രിസമയങ്ങളിൽ ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഇവരുടെ കാന്റീൻ പലർക്കും അനുഗ്രഹമാണ്. സംസ്ഥാനത്തെ ആദ്യ എം.ബി.എ ബിരുദധാരിയായ ട്രാൻസ്ജെൻഡർ സമീക്ഷ കുന്ദർ സുഹൃത്തുക്കളുടെ പുതിയ ആശയത്തിൽ നിക്ഷേപം നടത്തി ഒപ്പമുണ്ട്. ട്രാൻസ്ജെൻഡേഴ്‌സ് സമൂഹത്തിന് മേലുള്ള അവിശ്വാസത്തിന്റെ കാർമേഘം നീക്കി, പൊതുജനം അടിച്ചേൽപ്പിച്ച ലേബൽ ഇല്ലാതാക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം.