Breaking News

തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി വാഹനാപകടം; മൂന്ന് മരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് റോഡപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. വെഞ്ഞാറമൂട് വേളവൂരിൽ വച്ച് മറ്റൊരു കാറിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട കാർ വീടിൻ്റെ മതിലിലേക്ക് ഇടിച്ചു കയറി കാറിൽ ഉണ്ടായിരുന്ന സ്ത്രീ മരണപ്പെട്ടു. കൊല്ലം ചടയമംഗലം എ.കെ മൻസിലിൽ ആസിഫ ബീവിയാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ഭർത്താവ് അബ്ദുൾ കരീമിനെ പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രി ആവശ്യങ്ങൾക്കായാണ് രാവിലെ ചടയമംഗലത്ത് നിന്ന് കാറിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് അപകടത്തിനു ശേഷം അബ്ദുൾ കരീം പറഞ്ഞു. ആസിഫ ബീവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. വേളവൂർ ആളുമാനൂർ ഉത്തമത്തിൽ ഹരിപ്രസാദിന്‍റെ വീട്ടിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻവശത്തെ മതിൽ പൂർണമായും തകർന്നു. കഴക്കൂട്ടം ചെങ്ങന്നൂർ ബൈപ്പാസിലെ ആളുമാനൂർ വളവാണ് അപകടം പതിയിരിക്കുന്ന വളവുകളിലൊന്ന്.

നെയ്യാറ്റിൻകരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വട്ടിയൂർക്കാവ് പോളിടെക്നിക്കിലെ വിദ്യാർത്ഥികളായ ആറാലുംമൂട് സ്വദേശി വിഷ്ണു (22), വടക്കോട് സ്വദേശി ഗോകുൽ കൃഷ്ണ (23) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. നെയ്യാറ്റിൻകര കല്ല്മൂട്ടിലെ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. പോളിടെക്നിക്കിലെ പരിപാടി കഴിഞ്ഞ് മടങ്ങും വഴി പുലർച്ചെയായിരുന്നു അപകടം. നെയ്യാറ്റിൻകര ഭാഗത്തുനിന്ന് വന്ന കാർ പെട്രോൾ അടിക്കാൻ പമ്പിലേക്ക് കയറുന്നതിനിടെ അമിതവേഗത്തിൽ വന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …