ജിദ്ദ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ അയയ്ക്കാനുള്ള തയ്യാറെടുപ്പുമായി സൗദി അറേബ്യ. സൗദി അറേബ്യയുടെ ആദ്യ വനിതാ, പുരുഷ ബഹിരാകാശ യാത്രികർ ഈ വർഷം രണ്ടാം പാദത്തിൽ ബഹിരാകാശത്ത് എത്തുമെന്ന് പ്രഖ്യാപിച്ചു. സൗദി പൗരൻമാരായ റയാന ബർണാവി, അലി അൽഖർനി എന്നിവർ ‘എഎക്സ് 2’ ബഹിരാകാശ ദൗത്യത്തിന്‍റെ ക്രൂവിനൊപ്പം ചേരും. ഈ രംഗത്ത് ദേശീയ ശേഷി കെട്ടിപ്പടുക്കുക, ആഗോളതലത്തിൽ ബഹിരാകാശ മേഖലയും അതിന്‍റെ വ്യവസായവും വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തുക, ആരോഗ്യം, സുസ്ഥിരത, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മുൻഗണനാ മേഖലകളിൽ മനുഷ്യരാശിയെ സേവിക്കുന്ന ശാസ്ത്രീയ ഗവേഷണത്തിന് സംഭാവന നൽകുക എന്നിവയാണ് ഈ ദൗത്യത്തിന് പിന്നിലെ ലക്ഷ്യം.
സർക്കാരിൻ്റെ പിന്തുണയോടെ ബഹിരാകാശ ശാസ്ത്ര രംഗത്ത് കൂടുതൽ ദൗത്യങ്ങളുമായി മുന്നോട്ട് പോകാനാണ് രാജ്യം ശ്രമിക്കുന്നതെന്ന് സൗദി ബഹിരാകാശ കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല ബിൻ അമർ അൽസവാഹ പറഞ്ഞു. വ്യവസായത്തിന്‍റെയും രാജ്യത്തിന്‍റെയും ഭാവിയെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്ന ഗവേഷണം സ്വതന്ത്രമായി നടത്താനുള്ള രാജ്യത്തിന്‍റെ കഴിവ് വർദ്ധിപ്പിക്കുന്നതിന്‍റെയും ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ ബിരുദധാരികളുടെ താൽപ്പര്യം വർദ്ധിപ്പിക്കുന്നതിന്‍റെയും മനുഷ്യ മൂലധനം വികസിപ്പിക്കുന്നതിന്‍റെയും ഭാഗമാണിത്. ബഹിരാകാശത്തേക്കുള്ള ആഗോള യാത്രയിലും പര്യവേക്ഷണത്തിലും രാജ്യത്തിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുക, ബഹിരാകാശ യാത്രയിലും ഈ മേഖലയിലെ നിക്ഷേപത്തിലും രാജ്യങ്ങളുടെ ഭൂപടങ്ങളിൽ സ്ഥാനം വർദ്ധിപ്പിക്കുക എന്നിവയും യാത്രയുടെ ലക്ഷ്യങ്ങളാണെന്ന് ചെയർമാൻ പറഞ്ഞു.
സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രീയ ഗവേഷണം, നൂതനാശയം തുടങ്ങിയ മേഖലകളിലെ രാജ്യങ്ങളുടെ മികവിന്‍റെയും ആഗോള മത്സര ക്ഷമതയുടെയും അളവുകോലാണ് ബഹിരാകാശ യാത്രയെന്ന് സൗദി ബഹിരാകാശ അതോറിറ്റി സിഇഒ ഡോ.മുഹമ്മദ് ബിൻ സൗദ് അൽതമീമി വ്യക്തമാക്കി. ഒരു രാജ്യത്ത് നിന്ന് രണ്ട് ബഹിരാകാശ യാത്രികരെ ഒരേ സമയം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.