കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ചെയർമാൻ ബി.എസ്.മാവോജി. വിശ്വനാഥന്‍റെ കുടുംബത്തിന് നഷ്ടപരിഹാരത്തിനും ജോലിക്കും ശുപാർശ ചെയ്യും. മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്ത് കുറ്റകൃത്യം ചെയ്താലും തെളിവുകൾ നിലനിൽക്കും. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.എസ്.മാവോജി പറഞ്ഞു.
ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ പട്ടികജാതി-പട്ടികവർഗ കമ്മീഷന്‍റെ രൂക്ഷ വിമർശനത്തെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ കെ. ഇ. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം വീണ്ടും പരിശോധിച്ചു. വിശ്വനാഥൻ മരിക്കുന്നതിന് മുമ്പ് ആശുപത്രി പരിസരത്ത് രണ്ട് പേർ സംസാരിക്കുന്നതും 12 ഓളം പേർ ചുറ്റും നിൽക്കുന്നതുമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ആൾക്കൂട്ട വിചാരണ നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം എഫ്ഐആർ പരിഷ്കരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചെങ്കിലും ആൾക്കൂട്ട വിചാരണ സ്ഥിരീകരിച്ച ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കാനാകൂവെന്ന് പൊലീസ് പറഞ്ഞു.