മാഞ്ചസ്റ്റർ : ഉടമസ്ഥനൊപ്പം പ്രഭാത സവാരിക്ക് പോയ വളർത്തുനായയ്ക്ക് വഴിതെറ്റി. ഒടുക്കം ടാക്സി പിടിച്ച് വീട്ടിലെത്തി. ഇത് ആശ്ചര്യകരമായി തോന്നാം, പക്ഷേ ഇത് സത്യമാണ്. മാഞ്ചസ്റ്ററിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഉടമയ്ക്കൊപ്പം പ്രഭാത സവാരിക്ക് പോയ മൂന്ന് വയസുള്ള വളർത്തുനായ റാൽഫിന് ഉടമയ്ക്കൊപ്പം നടക്കുന്നതിനിടെ വഴിതെറ്റി. നായയെ കാണാനില്ലെന്ന് മനസിലാക്കിയ ഉടമ ജോർജിയ ക്രൂ റാൽഫിനായി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
എല്ലാ ദിവസവും രാവിലെ ജോർജിയയോടൊപ്പം നടക്കാൻ പോകുന്നത് റാൽഫിന്റെ ശീലമാണ്. എന്നാൽ ഇതാദ്യമായാണ് വഴിതെറ്റിപ്പോകുന്നതെന്ന് ഉടമ പറയുന്നു. ജോർജിയ വഴിയിൽ കണ്ടുമുട്ടിയ മറ്റൊരു പരിചയക്കാരനുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, മുന്നോട്ട് നീങ്ങിയ റാൽഫിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ജോർജിയ റാൽഫിനെ തേടി ഗ്രെസ്ഫോർഡ് ക്വാറിയുടെ വനമേഖലയിൽ മൂന്ന് മണിക്കൂർ നീണ്ട തിരച്ചിൽ നടത്തി. പക്ഷെ കണ്ടെത്താനായില്ല.
എന്നാൽ ഇതിനിടയിൽ, റാൽഫ് എങ്ങനെയോ മാഞ്ചസ്റ്റർ വിമാനത്താവളത്തിനടുത്ത് എത്തി. അപ്പോഴേക്കും അവന് തണുപ്പ് സഹിക്കാൻ കഴിഞ്ഞില്ല. അവൻ ഉടനെ അവിടെ പാർക്ക് ചെയ്തിരുന്ന ഒരു ടാക്സി കാറിൽ കയറി. എന്തായാലും ടാക്സി ഡ്രൈവർ ഇറക്കിവിട്ടില്ല. പകരം ഉടമയെ കണ്ടെത്തി തിരികെ കൈമാറാൻ തീരുമാനിച്ചു. എന്നാൽ ഉടമയെ കണ്ടെത്താൻ റാൽഫിന്റെ ശരീരത്തിൽ എവിടെയും നെയിം കാർഡുകളോ മറ്റ് ജിപിഎസ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ഇതിനിടയിൽ ജോർജിയ തന്റെ പ്രിയപ്പെട്ട വളർത്തുനായയെ നഷ്ടപ്പെട്ട വിവരം ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് ടാക്സി ഡ്രൈവറുടെ സുഹൃത്തിന്റെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം ടാക്സി ഡ്രൈവറെ വിവരമറിയിക്കുകയും ചെയ്തു. ഉടൻതന്നെ ടാക്സി ഡ്രൈവർ റാൽഫിന്റെ ഉടമയായ ജോർജിയയെ ബന്ധപ്പെടുകയും നായ്ക്കുട്ടിയെ തിരികെ ഏൽപ്പിക്കുകയുമായിരുന്നു.