ഇസ്‍ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാനിൽ ഇന്ധന വില കുത്തനെ ഉയർത്തുന്നു. പെട്രോൾ, ഡീസൽ വില ലിറ്ററിന് 32 പാകിസ്ഥാൻ രൂപ വീതം വർദ്ധിപ്പിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി 16 മുതൽ പ്രാബല്യത്തിൽ വരും.
ഒറ്റയടിക്ക് 12.8 ശതമാനമാണ് പെട്രോൾ വില വർദ്ധിപ്പിച്ചത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 250 രൂപയിൽ നിന്ന് 282 രൂപയായി ഉയരും. 12.5 ശതമാനം വർദ്ധനവോടെ ഡീസൽ വില ലിറ്ററിന് 262.8 രൂപയിൽ നിന്ന് 295.64 രൂപയായി ഉയരും. മണ്ണെണ്ണ വിലയും 14.8 ശതമാനം ഉയർന്നു. പുതുക്കിയ വില ലിറ്ററിന് 217.88 രൂപയാണ്.
പാകിസ്ഥാൻ രൂപയുടെ മൂല്യം ഇടിഞ്ഞതും എണ്ണ ഇറക്കുമതിയുടെ ചെലവ് വർദ്ധിച്ചതുമാണ് ഇന്ധന വിലയിലെ വർദ്ധനവിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം ആദ്യം ഇന്ധന വില ലിറ്ററിന് 35 രൂപ വർദ്ധിപ്പിച്ചിരുന്നു. പാൽ, പച്ചക്കറി, മാംസം എന്നിവയുൾപ്പെടെ ദൈനംദിന ഉപയോഗ വസ്തുക്കൾക്കും രാജ്യത്ത് വില ഉയരുകയാണ്.