മുംബൈ: സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന കൊളോസ വെഞ്ച്വേഴ്സ് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പായ വിയോമ മോട്ടോഴ്സിൽ നിക്ഷേപം നടത്തുന്നു. പ്രീ-സീരീസ് എ റൗണ്ടിൽ കൊളോസ വിയോമയുടെ 10% ഓഹരി സ്വന്തമാക്കി. നിലവിലുള്ള നിക്ഷേപകരായ ബിആർടിഎസ്ഐഎഫും ഈ റൗണ്ടിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.
ഒറ്റ ചാർജിൽ 400 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന സ്മാർട്ട് ഇലക്ട്രിക് ഇരുചക്ര വാഹനമാണ് വിയോമ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. ഓട്ടത്തിനിടയിൽ തനിയെ ചാർജ് ചെയ്യാവുന്ന സാങ്കേതിക വിദ്യയുമായാണ് പുതിയ വാഹനം പുറത്തിറക്കിയിരിക്കുന്നത്. സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ വാഹനം മികച്ച സവിശേഷ സാങ്കേതിക സംവിധാനം വാഗ്ദാനം ചെയ്യുന്നു.
എയ്റോസ്പേസ് എഞ്ചിനീയർമാരായ വർഷ അനൂപ്, ഷോമിക് മൊഹന്തി, ഉമ്മസാൽമ ബാബുജി, ചാർട്ടേഡ് അക്കൗണ്ടന്‍റും സാങ്കേതിക വിദഗ്ധനുമായ ഹോസെഫ ഇറാനി എന്നിവർ ചേർന്നാണ് 2020 ൽ വിയോമ മോട്ടോർസ് സ്ഥാപിച്ചത്. വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവിന് പരിഹാരം എന്നതിലുപരി, പരിസ്ഥിതി സൗഹൃദമായതിനാൽ വാഹനം കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും സഹായിക്കുന്നു. ചാർജിങ് ഇൻഫ്രാസ്ട്രക്ചർ പ്രശ്നത്തിനുള്ള പരിഹാരം കൂടിയാണ് ഈ സംരംഭം.