അമേരിക്കൻ നടിയും ഗായികയുമായ സെലീന ഗോമസ് നിരവധി ആരാധകരുള്ള താരമാണ്. ഭാരം കൂടിയതിൻ്റെ പേരിൽ തന്നെ ബോഡി ഷെയിം ചെയ്യുന്നവർക്ക് അവർ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ടിക് ടോക്ക് വഴിയാണ് ഇതു സംബന്ധിച്ച വീഡിയോ പങ്കുവച്ചത്.
വിഷാദരോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും ലൂപസ് രോഗത്തെ നേരിട്ടതിനെക്കുറിച്ചുമൊക്കെ സെലീന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ലൂപസ് രോഗത്തിനായി കഴിക്കുന്ന മരുന്നുകളാണ് ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്ന് സെലീന വ്യക്തമാക്കുന്നു. താൻ ഒരിക്കലും ഒരു മോഡലാകാൻ പോകുന്നില്ലെന്നും തൻ്റെ ശരീരം ഇഷ്ടപ്പെടാത്തവർ മാറിപ്പോകൂ എന്നും സെലീന പറയുന്നു.
മരുന്ന് കഴിക്കുമ്പോൾ ശരീരഭാരം കൂടും, കഴിച്ചില്ലെങ്കിൽ ശരീരഭാരം കുറയും, ഇത് വളരെ സാധാരണമാണ്. തൻ്റേത് പോലുള്ള സാഹചര്യത്തിലൂടെ കടന്നുപോകുന്ന, യഥാർഥ കഥയറിയാതെ ബോഡിഷെയിം ചെയ്യപ്പെടുന്നവർക്ക് വേണ്ടിയാണ് താൻ ഇപ്പോൾ സംസാരിക്കുന്നതെന്നും സെലീന പറഞ്ഞു. അത്തരം അഭിപ്രായങ്ങൾ തന്‍റെ മാനസികാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും സെലീന വിശദീകരിച്ചു. എല്ലാറ്റിനുമുപരിയായി, ചികിത്സ തനിക്ക് പ്രധാനമാണെന്നും അതാണ് തന്നെ സഹായിക്കുന്ന ഘടകമെന്നും സെലീന കൂട്ടിച്ചേർക്കുന്നു.