പത്തനംതിട്ട: പമ്പാനദിയിൽ കോഴഞ്ചേരി മാരാമൺ ഭാഗത്ത് ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. മാവേലിക്കര ചെട്ടികുളങ്ങരയിൽ നിന്ന് മാരാമൺ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ സംഘത്തിലെ മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ആൽബിൻ, സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. സഹോദരങ്ങളായ മെറിൻ, മെഫിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയ മൂന്നുപേരും അപകടത്തിൽ പെടുകയായിരുന്നു. ഏറെ വൈകിയാണ് ഇവർ ഒഴുക്കിൽപ്പെട്ട വിവരം അയൽവാസികൾ അടക്കം അറിഞ്ഞത്. അതിനാൽ രക്ഷാപ്രവർത്തനവും വൈകിയിരുന്നു.
ഫയർഫോഴ്സ് നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ഇരുവരെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോഴുള്ള തിരച്ചിൽ ആൽബിനു വേണ്ടിയാണ്. രാത്രിയായതിനാൽ രക്ഷാപ്രവർത്തനം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.
NEWS 22 TRUTH . EQUALITY . FRATERNITY