അങ്കാറ: തുർക്കിയിലുണ്ടായ ഭൂചലനത്തെ തുടർന്ന് കാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സു മരിച്ചുവെന്ന് റിപ്പോർട്ടുകൾ. അറ്റ്സുവിന്റെ മൃതദേഹം കണ്ടെത്തിയതായി ഏജന്‍റ് സ്ഥിരീകരിച്ചുവെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തുർക്കിഷ് ക്ലബ് ഹറ്റായസ്പോറിന് വേണ്ടിയാണ് അറ്റ്സു കളിച്ചുകൊണ്ടിരുന്നത്. ഈ മാസം ആറിന് നടന്ന ലോകത്തെ നടുക്കിയ ഭൂചലനത്തിൽ അറ്റ്സു താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് തകർന്നിരുന്നു. ഇതിന് ശേഷം അറ്റ്സുവിനെ കാണാതാവുകയായിരുന്നു. തുടക്കത്തിൽ താരത്തെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അധികൃതർ അത് നിഷേധിക്കുകയായിരുന്നു. തുടർന്ന് ദിവസങ്ങൾ നീണ്ട തിരച്ചിലിന് ശേഷമാണ് അറ്റ്സു മരിച്ചുവെന്ന് സ്ഥിതീകരണം വന്നത്.
ചെൽസി, എവർട്ടൺ, ന്യൂകാസിൽ യുണൈറ്റഡ്, പോർട്ടോ തുടങ്ങിയ പ്രധാന ക്ലബ്ബുകളുടെ ഭാഗമായിരുന്നു അറ്റ്സു. 31 കാരനായ അറ്റ്സു കഴിഞ്ഞ വർഷമാണ് തുർക്കിഷ് ക്ലബ്ബിലേക്ക് മാറിയത്. ദുരന്തത്തിന് തൊട്ട് തലേദിവസം നടന്ന മത്സരത്തിൽ ഹറ്റായസ്പോറിനെ വിജയത്തിലേക്ക് നയിച്ചത് അറ്റ്സുവിന്‍റെ ഗോളായിരുന്നു.