തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിലെ മുഖ്യ സൂത്രധാരൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്ന് ഉറപ്പിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി ജോസിനെ ഇന്നലെ എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
കോഴക്കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ആവർത്തിച്ച യു.വി.ജോസ്, റെഡ് ക്രസന്‍റുമായി ധാരണാപത്രം ഒപ്പിട്ടതും ശിവശങ്കറിന്‍റെ നിർദേശപ്രകാരമാണെന്ന് പറഞ്ഞു. പദ്ധതിയുടെ മറവിൽ നടന്ന കൈക്കൂലി ഇടപാടുകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിന്‍റെ കസ്റ്റഡി ചോദ്യം ചെയ്യൽ മൂന്നാം ദിവസവും തുടരും. മറ്റ് കേന്ദ്ര ഏജൻസികൾ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യും.
ശിവശങ്കറിന്‍റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലും സ്വപ്നയും ചേർന്ന് ബാങ്ക് ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശം അനുസരിച്ചാണെന്നാണ് ഇ.ഡിയുടെ നിഗമനം. ഈ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപ കൈക്കൂലി ഇടപാടിൽ ശിവശങ്കറിന് ലഭിച്ച വിഹിതമാണെന്നാണ് ഇ.ഡി റിപ്പോർട്ടിൽ പറയുന്നത്. സ്വപ്ന സൂക്ഷിച്ചിരുന്ന പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നുമാണ് ശിവശങ്കറിന്‍റെ മൊഴി.