തിരുവനന്തപുരം : 12 വർഷക്കാലം നാല് ചുമരുകൾക്കുള്ളിലായിരുന്നു ഷാനുവിന്റെ ജീവിതം. അതിൽ നിന്നെല്ലാം മോചിതയായി പുതുസ്വപ്നങ്ങളിലേക്ക് പ്രവേശിക്കുകയാണ് ആ പെൺകുട്ടി.
പേര് വെളിപ്പെടുത്താൻ താല്പര്യപ്പെടാത്ത പത്തനംതിട്ട സ്വദേശികളായ ദമ്പതികളാണ് ഷാനുവിന്റെ അവസ്ഥ വാർത്തയായതോടെ സഹായവുമായി മുന്നോട്ടു വന്നത്. 60,000 രൂപ വിലവരുന്ന ഇലക്ട്രിക് വീൽ ചെയർ ഇവർ ഷാനുവിന് നൽകി. തങ്ങൾക്കും പെൺമക്കൾ ആണ്, ഷാനുവിന്റെ അവസ്ഥ കേട്ടപ്പോൾ അവരെ ഓർത്തുപോയി എന്നാണ് ദമ്പതികൾ പറഞ്ഞത്. കോട്ടപ്പുറം കടയ്ക്കുളം കോളനിയിൽ വർഗീസിന്റെയും, മാഗിയുടെയും മൂന്നാമത്തെ മകളാണ് ഷാനു. വാർത്ത ശ്രദ്ധിച്ച നിരവധിയാളുകൾ സഹായവുമായി മുന്നോട്ടു വന്നിരുന്നു.
കമ്പിളി വസ്ത്രങ്ങൾ നെയ്തെടുക്കുന്ന ക്രോച്ചെറ്റ് എന്ന വിദ്യയിലൂടെ വരുമാനം നേടാനുള്ള സഹായവും നൽകുമെന്നും പലരും അറിയിച്ചു. ഗ്രാഫിക് ഡിസൈനിംഗ് പഠിച്ച് ജോലി നേടി കുടുംബത്തെ സഹായിക്കണമെന്നാണ് ഷാനുവിന്റെ ആഗ്രഹം. സഹായിക്കാൻ മനസ്സുകാണിച്ച ഏവർക്കും കുടുംബം നന്ദി അറിയിച്ചു.