Breaking News

വിശ്വനാഥന്റെ മരണം; ആശുപത്രിയിലെ മുഴുവന്‍ കൂട്ടിരിപ്പുകാരുടെയും വിവരങ്ങള്‍ ശേഖരിച്ചു

കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ ആദിവാസി യുവാവ് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക നടപടിയുമായി പൊലീസ്. വിശ്വനാഥനെ കാണാതായ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായിരുന്ന എല്ലാ കൂട്ടിരിപ്പുകാരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇതുവരെ 450 പേരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് അന്വേഷണം നടക്കുന്നത്. വിശ്വനാഥനെ ത‍ടഞ്ഞുവെച്ചതായി ദൃശ്യങ്ങളില്‍ കാണുന്ന ആളുകളെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇക്കാര്യം സ്ഥിരീകരിക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിശ്വനാഥന്‍റെ ഭാര്യ ബിന്ദുവിനെ പ്രസവത്തിനായി മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് ബിന്ദു ആൺകുഞ്ഞിന് ജൻമം നൽകിയത്. ഇത് ഇവരുടെ ആദ്യത്തെ കുട്ടിയാണ്. വിശ്വനാഥൻ ആശുപത്രി മുറ്റത്ത് കൂട്ടിരിപ്പുകാർക്കുള്ള സ്ഥലത്ത് കാത്തുനിൽക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ഒരാളുടെ മൊബൈൽ ഫോണും പണവും നഷ്ടമായെന്നും വിശ്വനാഥൻ കള്ളനാണെന്നും ആരോപിച്ച് വ്യാഴാഴ്ച ചിലർ ബഹളമുണ്ടാക്കിയിരുന്നു. വിശ്വനാഥനെ ചിലർ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വിശ്വനാഥന്റെ ഷർട്ട് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ പറമ്പിൽ നിന്നാണ് ഷർട്ട് കണ്ടെടുത്തത്. ഷർട്ടിൽ ചെളി പുരണ്ടിട്ടുണ്ട്. പോക്കറ്റിൽ നിന്ന് 140 രൂപയും കണ്ടെടുത്തിരുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …