ഇന്നലെ ആരംഭിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിൽ തമിഴ് സിനിമാ താരങ്ങളുടെ ടീമായ ചെന്നൈ റൈനോസിന് മികച്ച തുടക്കം. സിസിഎല്ലിലെ നിലവിലെ ചാമ്പ്യൻമാരായ ബോളിവുഡ് താരങ്ങളുടെ ക്ലബ്ബായ മുംബൈ ഹീറോസിനെ 10 വിക്കറ്റിനാണ് അവർ പരാജയപ്പെടുത്തിയത്. ഏഴ് ഓവർ ബാക്കി നിൽക്കെയാണ് ആര്യയുടെ നേതൃത്വത്തിലുള്ള ചെന്നൈ റൈനോസിന്റെ വിജയം.
പുതുക്കിയ ഫോർമാറ്റിലാണ് പുതിയ സീസണിലെ മത്സരം നിശ്ചയിച്ചിരുന്നത്. ഈ വർഷത്തെ സിസിഎല്ലിൽ നാല് ഇന്നിങ്സുകൾ ആണ് ഉള്ളത്, അതിനാൽ ഓരോ ടീമിനും 10 ഓവറുകൾ വീതമുള്ള രണ്ട് സ്പെല്ലുകൾ ലഭിക്കും. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത മുംബൈ ഹീറോസിനെതിരെ ചെന്നൈ ആദ്യ ഇന്നിങ്സിൽ 10 ഓവറിൽ 150 റൺസാണ് നേടിയത്. വിക്കറ്റുകളൊന്നും പോകാതെയാണ് ചെന്നൈ ഇതു സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യ ഇന്നിങ്സിൽ 94 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 94 റൺസെടുത്തത്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 91 റൺസാണ് മുംബൈ നേടിയത്. ജയിക്കാൻ 36 റൺസ് മാത്രം വേണ്ടിയിരുന്ന ചെന്നൈ മൂന്നാം ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. 80 റൺസ് നേടിയ വിക്രാന്ത് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. രമണ മികച്ച ബാറ്റ്സ്മാനും അശോക് സെൽവൻ മികച്ച ബൗളറുമായി. സിസിഎല്ലിന്‍റെ ആദ്യ രണ്ട് സീസണുകളിലെ ചാമ്പ്യൻമാരാണ് ചെന്നൈ റൈനോസ്.