തൃശ്ശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉയർത്തിക്കാട്ടി ആദ്യമായി പരാതി നൽകിയ എം.വി. സുരേഷ് തിങ്കളാഴ്ച ഇ.ഡിക്ക് മൊഴി നൽകും. രാവിലെ 10.30ന് എറണാകുളത്തെ ഓഫീസിൽ ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. കരുവന്നൂർ ബാങ്ക് എക്സ്റ്റൻഷൻ ബ്രാഞ്ച് മാനേജരുടെ ചുമതലയുണ്ടായിരുന്ന സുരേഷ് തട്ടിപ്പ് ആരോപിച്ച് 2019 ജനുവരി 16ന് സഹകരണ വകുപ്പിന് പരാതി നൽകിയിരുന്നു. കരുവന്നൂർ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
നേരത്തെ നിരവധി പരാതികൾ നൽകിയതിന് സുരേഷിനെ നാല് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് 2020 ഓഗസ്റ്റ് 20ന് സുരേഷിനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
കരുവന്നൂർ അഴിമതിയെക്കുറിച്ചുള്ള അന്നത്തെ സഹകരണ മന്ത്രിയുടെ ടി.വി ലൈവ് ഷോയിൽ സുരേഷ് പരാതി പറയുന്ന രംഗം പിന്നീട് വൈറലായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഗവർണർക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.കെ. ചന്ദ്രനെ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇഡി വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. തുടർന്നാണ് ആദ്യ പരാതിക്കാരനായ സുരേഷിനോട് മൊഴിയും തെളിവും രേഖപ്പെടുത്താൻ വരാൻ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.