ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പന്‍റെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിലെ എമിലി ജ്ഞാനമുത്തുവിന്‍റെ വീടിന് നേരെയാണ് അരിക്കൊമ്പൻ ആക്രമണം നടത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയും മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. പുണ്യവേലിന്‍റെ കടയാണ് കാട്ടാന ആക്രമിച്ചത്. പുണ്യവേലിന്‍റെ കട ആഴ്ചയിൽ രണ്ടുതവണ ആക്രമിക്കപ്പെട്ടു.
അതേസമയം ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണാൻ വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ മൂന്നാർ ഡി.എഫ്.ഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് ഹൈറേഞ്ച് സർക്കിൾ കൺസർവേറ്റർ മുഖേന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇന്ന് സമർപ്പിക്കും. കഴിഞ്ഞ പത്താം തിയതി ഹൈറേഞ്ച് സർക്കിൾ കൺസർവേറ്റർ വിളിച്ചുചേർത്ത യോഗത്തിൽ അരിക്കൊമ്പനെ പിടിക്കാനും ചക്കക്കൊമ്പൻ, മൊട്ടവാലൻ എന്നീ കാട്ടാനകളെ ജി.എസ്.എം കോളർ ഉപയോഗിച്ച് നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു. ഈ മൂന്ന് ആനകളുടെ ശല്യം ഒഴിവാക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി ലഭിച്ചാലുടൻ വയനാട്ടിൽ നിന്നുള്ള മൂന്ന് കുങ്കി ആനകളുടെ സംഘം ചിന്നക്കനാലിലെത്തി തുടർനടപടികൾ ആരംഭിക്കും.