തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടിയും അദ്ദേഹത്തിൻ്റെ ശരീരഭാഷയും ‘കിണ്ണം കട്ടവനെന്ന’ പഴഞ്ചൊല്ലിനെയാണ് ഓര്‍മപ്പെടുത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. പഴയ പിണറായി വിജയൻ, പുതിയ പിണറായി വിജയൻ, ഇരട്ടച്ചങ്കൻ,എന്നതിന് പകരം കയ്യോടെ പിടിക്കപ്പെട്ട പ്രതിയുടെ ഭാവപ്രകടനങ്ങളാണ് മുഖ്യമന്ത്രിയ്ക്കുണ്ടായിരുന്നതെന്നും സുധാകരൻ പറഞ്ഞു.
നിയമസഭയിൽ ഒളിച്ചിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ പിടികൂടാൻ ഇ.ഡി വരുമെന്ന ഭയവും അദ്ദേഹത്തിനുണ്ടായിരുന്നു. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇത്തരമൊരു ദുരന്തം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മറ്റാർക്കും സംഭവിക്കരുതെന്നു പ്രാർത്ഥിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. കണ്ണൂർ ശൈലിയിൽ എം.എൽ.എമാരെ പ്രകോപിപ്പിച്ച് പ്രമേയ അവതാരകൻ മാത്യു കുഴൽനാടനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും നിശബ്ദരായി ഇരുത്താനാണ് ഭരണപക്ഷ ബെഞ്ച് ശ്രമിച്ചതെന്നും സുധാകരൻ ആരോപിച്ചു.
ഭരണപക്ഷ അംഗങ്ങളെ സ്പീക്കർക്ക് പലതവണ ശാസിക്കേണ്ടി വന്നു. മുഖ്യമന്ത്രിയെ പുകഴ്ത്താനും സംരക്ഷിക്കാനും ചില എം.എൽ.എമാർ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ചാവേറുകളെ പോലെ പെരുമാറിയെന്നും സുധാകരൻ പരിഹസിച്ചു. എന്നാൽ പാവപ്പെട്ടവർക്ക് വീടിനായുള്ള 20 കോടി രൂപയിൽ 9.5 കോടി രൂപ മോഷ്ടിച്ചതിന്‍റെ നാണക്കേട് ഓരോ സി.പി.എം അംഗത്തിന്‍റെയും മുഖത്ത് എഴുതിവച്ചിരുന്നു. സത്യം അധികകാലം മൂടിവയ്ക്കാമെന്ന് ആരും കരുതേണ്ടെന്നും സുധാകരൻ പറഞ്ഞു.