കൊച്ചി: കൊച്ചി തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചു. ഇന്ന് രാവിലെയാണ് പ്രശ്നം പരിഹരിച്ചത്. വെള്ളം പൈപ്പിലൂടെ കടത്തി വിട്ട് തുടങ്ങി. വീടുകളിലേക്ക് വെള്ളം എത്തിത്തുടങ്ങി. തമ്മനം ഭാഗത്ത് ഇന്നലെ ഉച്ചയോടെയാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. റോഡിൽ വലിയ വിള്ളൽ വീഴുകയും ചെയ്തിരുന്നു.
പാഴൂർ പമ്പ് ഹൗസിൽ നിന്ന് ഇന്ന് മുതൽ പശ്ചിമ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും കൂടുതൽ കുടിവെള്ളം ലഭ്യമാകും. പാഴൂരിൽ നിന്ന് രണ്ടാമത്തെ മോട്ടോറിലൂടെ വെള്ളം നെട്ടൂരിലെ ജലശുദ്ധീകരണ പ്ലാന്‍റിൽ എത്തിയാൽ ഒന്നിടവിട്ട ദിവസങ്ങളിൽ എല്ലായിടത്തും വെള്ളം പമ്പ് ചെയ്യാനാണ് ശ്രമം. നിലവിൽ രണ്ട് മോട്ടോറുകളാണ് പാഴൂരിൽ പ്രവർത്തിക്കുന്നത്. മൂന്നാമത്തെ മോട്ടോർ പ്രവർത്തനക്ഷമമായാൽ മാത്രമേ ജലവിതരണം പൂർണ്ണമായും പുനഃസ്ഥാപിക്കാൻ കഴിയൂ. ഇതിന് ഒരാഴ്ച കൂടി സമയമെടുക്കും. അതുവരെ ടാങ്കറുകൾ വഴിയുള്ള ജലവിതരണം തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.