തിരുവനന്തപുരം: നിയമസഭയിൽ വാക് പോരുമായി എം എം മണിയും തിരുവഞ്ചൂർ രാധാകൃഷ്ണനും. തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറവും പ്രവർത്തിയുമാണെന്ന് മണി പറഞ്ഞു. മണി വെളുത്തതായതുകൊണ്ട് സാരമില്ലെന്നായിരുന്നു ഇതിന് മറുപടിയായി തിരുവഞ്ചൂർ പറഞ്ഞത്.
നിയമസഭയിൽ ആഭ്യന്തരവകുപ്പിന്‍റെ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ മണി പരിഹസിച്ചത്. നേരത്തെ ചർച്ചയിൽ പങ്കെടുത്ത് തിരുവഞ്ചൂർ പൊലീസിനെ വിമർശിച്ചിരുന്നു. തുടർന്ന് മണി സംസാരിക്കുകയും തിരുവഞ്ചൂരിനെ പരിഹസിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ ക്രമസമാധാന പ്രശ്നം ഉന്നയിച്ച് തിരുവഞ്ചൂർ എഴുന്നേറ്റു.
മണിയുടെ വാക്കുകൾ അതിരുകടന്നതാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് കറുത്ത നിറമാണ്. അദ്ദേഹത്തിന് നല്ല വെളുത്ത നിറം ഉള്ളതുകൊണ്ട് താൻ തർക്കിക്കുന്നില്ലെന്നും തിരുവഞ്ചൂർ മറുപടി നൽകി. മണിയുടെ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.