Breaking News

അപൂര്‍വ മാരകരോഗങ്ങള്‍ക്ക് മരുന്നുകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കും- മുഖ്യമന്ത്രി…

വയോജനങ്ങളുടെയും അവരില്‍ രോഗബാധിതരായവരുടെയും കാര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളം കര്‍മപദ്ധതി ആര്‍ദ്രം സംസ്ഥാന കര്‍മ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരസഹായത്തോടെ മാത്രം കാര്യങ്ങള്‍ ചെയ്യാനാകുന്ന നിരവധി വയോജനങ്ങളുണ്ട്. നിലവിലുള്ള പാലിയേറ്റീവ് സംവിധാനത്തിനു പുറമേ ആരോഗ്യ സംവിധാനത്തിന്റെ പ്രത്യേക ശ്രദ്ധ ഇത്തരക്കാരുടെ കാര്യത്തില്‍ ഉണ്ടാവണം. സംസ്ഥാനവ്യാപകമായി ആരോഗ്യ കേന്ദ്രങ്ങളിലെ ഒരു വിഭാഗം ജീവനക്കാര്‍ മാസത്തില്‍ ഏതാനും ദിവസം അവശതയനുഭവിക്കുന്ന വയോജനങ്ങളെ കാണാനും വിവരം അന്വേഷിക്കാനും തയ്യാറാകണം.

അപൂര്‍വ മാരകരോഗങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ന്യായമായ വിലയ്ക്ക് സംസ്ഥാനത്ത് ലഭ്യമാക്കുന്ന കാര്യം ആലോചിക്കും. ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്താന്‍ വാര്‍ഷിക ഹെല്‍ത്ത് ചെക്കപ്പ് നടത്തണം. സ്വയം പരിശോധന നടത്താന്‍ മുന്നോട്ടു വരാത്ത ആള്‍ക്കാരെ ക്യാമ്ബയിന്‍ എന്ന നിലയില്‍ കണ്ടെത്തി പരിശോധിപ്പിക്കണം.

ഒഴിഞ്ഞു നില്‍ക്കാനുള്ള പ്രവണതയുള്ളവരെ കൂടി ഭാഗമാക്കി കഴിയാവുന്നത്ര ജനങ്ങളെ പദ്ധതിയില്‍ പങ്കാളികളാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി പങ്കെടുപ്പിച്ച്‌ ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്താന്‍ ശക്തമായ ക്യാമ്ബയിന്‍ അതത് പ്രദേശങ്ങളില്‍ നടത്തണം.

ലാബ് സൗകര്യം വര്‍ദ്ധിപ്പിക്കും. ടെലി മെഡിസിന്‍ വ്യാപകമാക്കും. ക്ഷയം, മലേറിയ, മന്ത്, തുടങ്ങിയ രോഗങ്ങള്‍ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാനാകണം. ക്യാന്‍സര്‍ വ്യാപനം തടയാനും മുന്‍കൂട്ടി കണ്ടെത്താനും ശക്തമായ നടപടികള്‍ ഉണ്ടാകണം. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പദ്ധതിയുടെ ഭാഗമായി നടപടി എടുക്കണം.

പകര്‍ച്ചവ്യാധികള്‍ ശക്തിപ്പെടുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പും ശാസ്ത്രസാങ്കേതിക കൗണ്‍സിലും ഏകോപിതമായി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഐസൊലേഷന്‍ ബ്ലോക്കുകള്‍ കാലതാമസമില്ലാതെ പ്രാവര്‍ത്തികമാക്കണം. വാക്‌സിന്‍ നിര്‍മാണ കേന്ദ്രത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. മിഷന്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …