തിരുവനന്തപുരം: ഇന്ന് കൂറ് പ്രഖ്യാപിക്കുന്നവർ നാളെ തിരിഞ്ഞു നോക്കുമ്പോൾ കൂടെ കാണാത്ത അവസ്ഥയാണ് രാഷ്ട്രീയത്തിലെന്ന് രമേശ് ചെന്നിത്തല. നമ്മൾ വളർത്തിക്കൊണ്ടുവന്ന പലരും നമ്മളെ കാണുമ്പോൾ തിരിഞ്ഞു നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താനും കോൺഗ്രസിലെ മറ്റുള്ളവരും ഉന്നയിച്ച തിരുത്തൽ വാദം ശരിയായിരുന്നു. ജി കാർത്തികേയൻ അനുസ്മരണ യോഗത്തിലാണ് രമേശ് ചെന്നിത്തല മനസ് തുറന്നത്.
കെ കരുണാകരന്‍റെ ശൈലിക്കെതിരെ താനും ജി കാർത്തികേയനും എം ഐ ഷാനവാസും തിരുത്തൽ വാദം ഉന്നയിച്ച കാലവും രമേശ് ചെന്നിത്തല അനുസ്മരിച്ചു. തിരുത്തൽ വാദം വ്യക്തി വൈരാഗ്യം കൊണ്ടായിരുന്നില്ല. തങ്ങൾ ഉയർത്തിപ്പിടിച്ചത് സത്യമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. പാർട്ടിയുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും അത് അനിവാര്യമാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതിനാലാണ് തങ്ങൾ പോരാടിയത്.
തങ്ങൾ ഉയർത്തിയ ഏകകക്ഷി ഭരണം എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോയിരുന്നെങ്കിൽ കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റം ഉണ്ടാക്കാമായിരുന്നു. കെ.പി.സി.സി അദ്ധ്യക്ഷനാകണമെന്നായിരുന്നു ജി.കാർത്തികേയന്‍റെ വലിയ ആഗ്രഹമെന്നും അദ്ദേഹവും മറ്റുള്ളവരും അതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.