തിരുവനന്തപുരം: തമിഴ്നാട് അണ്ണാമലൈ സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകാൻ വിസമ്മതിച്ച് കേരളത്തിലെ സർവകലാശാലകൾ. 2015 നും 2022 നും ഇടയിൽ അണ്ണാമലൈ സർവകലാശാലയിൽ നിന്ന് ബിരുദ, ബിരുദാനന്തര പരീക്ഷകൾ പാസായവർക്ക് തുടർ പഠനത്തിനോ സർക്കാർ ജോലിക്കോ കേരളത്തിൽ അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.
അണ്ണാമലൈ സർവകലാശാല 2015 നും 2022 നും ഇടയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. ഓപ്പൺ, വിദൂര വിദ്യാഭ്യാസ മോഡിൽ പഠിച്ചവർക്ക് നൽകുന്ന ഈ സർട്ടിഫിക്കറ്റുകളാണ് ഇപ്പോഴത്തെ പ്രശ്നം. കോഴ്സിന്‍റെ നടത്തിപ്പിന് യുജിസി അംഗീകാരം നൽകിയിരുന്നില്ല. 2022 മാർച്ച് 25ന് യുജിസി പുറപ്പെടുവിച്ച സർക്കുലർ പ്രകാരം ആ സമയത്ത് നൽകിയ സർട്ടിഫിക്കറ്റുകൾക്ക് സാധുതയില്ലെന്ന് വ്യക്തമാക്കുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ആ കാലയളവിൽ പഠിച്ച് വിജയിച്ചവരുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാൻ കേരളത്തിലെ സർവകലാശാലകൾ വിസമ്മതിക്കുന്നത്.
യുജിസിയുടെ തീരുമാനത്തിനെതിരെ അണ്ണാമലൈ സർവകലാശാല മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. യുജിസി തീരുമാനം സ്റ്റേ ചെയ്ത കോടതി കോഴ്സുമായി മുന്നോട്ട് പോകാൻ ഇടക്കാല അനുമതി നൽകിയിരുന്നു. തുടർന്ന്, 2023 ജനുവരി 20ന് സർട്ടിഫിക്കറ്റുകൾക്ക് സാധുതയുണ്ടെന്ന് കോടതി പ്രഖ്യാപിക്കുകയും ചെയ്തു.