Breaking News

കർണാടക പിയുസി പരീക്ഷകൾക്ക് ഹിജാബ് അനുവദിക്കില്ല; കേസ് സുപ്രീംകോടതിയിൽ

ബെംഗലൂരു: കർണാടക പി.യു.സി പരീക്ഷയ്ക്ക് ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. കർണാടക പി.യു.സി പരീക്ഷകൾ മാർച്ച് 9ന് ആരംഭിക്കും. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഹർജികളിൽ അടിയന്തര വാദത്തിന് സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജികൾ ഇന്നും പരാമർശിച്ചു. പരീക്ഷയ്ക്ക് അഞ്ച് ദിവസം മാത്രം അവശേഷിക്കുന്നതിനാൽ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ പെട്ടെന്ന് വന്ന് പരാമർശം നടത്തിയാൽ കേസ് പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജികൾ രണ്ട് തവണ പരിഗണിച്ചതായും ഹർജിക്കാർ പറഞ്ഞു. ഇതോടെ ഹോളി അവധിക്ക് ശേഷം ഹർജികൾ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ, സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഭിന്നവിധിയെ തുടർന്ന് ഹർജികൾ മൂന്നംഗ ബെഞ്ചിന് കൈമാറിയിരുന്നുവെങ്കിലും ഹർജി പരിഗണിക്കുന്ന ബെഞ്ച് ഇതുവരെ രൂപീകരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കുന്നത് സംബന്ധിച്ച് പ്രത്യേക വിധികൾ പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് നിരോധനം ശരിവെച്ചപ്പോൾ മറ്റൊരു ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ നിരോധനം റദ്ദാക്കി. ഹിജാബ് ധരിക്കുന്നത് മതപരമായ ആചാരമല്ലെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ധരിക്കാൻ വിദ്യാർത്ഥികൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിച്ചു. ഒരു മതവിഭാഗത്തെ മാത്രം അവരുടെ വസ്ത്രങ്ങളും മതചിഹ്നങ്ങളും ധരിക്കാൻ അനുവദിക്കുന്നത് മതേതരത്വത്തിനു എതിരാണെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിച്ചു. തുല്യതയും സമത്വവും ഉറപ്പാക്കാൻ യൂണിഫോം സഹായിക്കുമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിന്യായത്തിൽ പറഞ്ഞു. ഹിജാബ് നിരോധന ഉത്തരവിലൂടെ പെൺകുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നുവെന്ന് പറയാനാവില്ല. എന്നാൽ ഇന്ത്യയുടെ വൈവിധ്യം ഊട്ടിയുറപ്പിക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് മാറ്റാൻ പറയുന്നത് അന്തസ്സിനു നേരെയുള്ള ആക്രമണമെന്നാണ് ജസ്റ്റിസ് സുധാൻഷു ധൂലിയ വിധിയിൽ വ്യക്തമാക്കുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …