തിരുവനന്തപുരം: സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 25ന് രാവിലെ 10ന് എറണാകുളത്ത് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കൈത്തറി യൂണിഫോം വിതരണത്തിനായി 130 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് 42 ലക്ഷം മീറ്റർ തുണി വേണ്ടി വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2023-24 അധ്യയന വർഷത്തേക്കുള്ള 2 കോടി 81 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസിൽ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഒമ്പത്, പത്ത് ക്ലാസുകളിലെ 40 ലക്ഷത്തോളം പാഠപുസ്തകങ്ങൾ വിതരണത്തിനായി ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ വഴിയാണ് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുക.