കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംസ്ഥാന സർക്കാരിലെയും ഇതര സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്നത്.
തീയണക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് യോഗത്തിന്റെ തീരുമാനം. പുക ഉയരുന്നതിനാൽ ഞായറാഴ്ച വീടിനുള്ളിൽ തന്നെ തുടരാൻ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ നേരിടാൻ എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും നിർദ്ദേശമുണ്ട്.
ഭാവിയിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ നിരീക്ഷണം ശക്തമാക്കാനും വേഗത്തിൽ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. തീപിടിത്തം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് 9 മണിക്ക് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.