ഫ്ലോറിഡ: മനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിക്കുന്ന അപകടകാരിയായ ജീവികളിൽ ഒന്നാണ് മുതല. മുതലയുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്ത നിരവധി പേരുണ്ട്. കഴിഞ്ഞ ദിവസം ഫ്ലോറിഡയിൽ മുതലയുടെ ആക്രമണത്തിൽപ്പെട്ട ഒരാളുടെ കാലിന്റെ തുടഭാഗം മുഴുവൻ മുതല കടിച്ചെടുത്തു.
ഫ്ലോറിഡയിലാണ് സംഭവം. മുതലയുടെ ആക്രമണത്തിൽ 1100 ബ്ലോക്കിലെ താമസക്കാരൻ ആയ വ്യക്തിക്കാണ് ഗുരുതര പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഏകദേശം 9 മണിക്കായിരുന്നു സംഭവം. വീടിന്റെ മുൻ വശത്തെ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടതായിരുന്നു. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന മകനെ അന്വേഷിച്ച് ആരെങ്കിലും വന്നിരിക്കാമെന്ന് കരുതി അദ്ദേഹം വാതിൽ തുറന്നു.
എന്നാൽ വാതിൽ തുറന്നപ്പോൾ മുന്നിൽ കണ്ടത് ഒരു വലിയ മുതലയെ ആയിരുന്നു. ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെ അയാൾ തരിച്ചു നിന്ന് പോയി. എന്നാൽ ഒട്ടും താമസിക്കാതെ മുതല അയാളുടെ നേരെ ചാടി അയാളെ നിലത്ത് വീഴ്ത്തി തുടയിലെ ഇറച്ചി പൂർണ്ണമായും കടിച്ചെടുത്തു. ഇതിനിടയിൽ മുതലയുടെ കടിയെ വിടുവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വീടിന് മുന്നിൽ കണ്ടെത്തിയ മുതലയെ പിടികൂടി. ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷൻ (എഫ്ഡബ്ല്യുസി) ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തി മുതലയെ പിടികൂടി കൊന്നത്.