Breaking News

മലപ്പുറം വഴിക്കടവിൽ കോളറ വ‍്യാപനം; ജാ​ഗ്രതാ നിർദ്ദേശവുമായി ആ​രോ​ഗ‍്യ​വ​കുപ്പ്

നി​ല​മ്പൂ​ർ: മലപ്പുറം വഴിക്കടവിൽ കോളറ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണം സംസ്ഥാന തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ. സക്കീനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ചൊവ്വാഴ്ച വഴിക്കടവിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്റ്റേ​റ്റ് അ​ഷ്വ​റ​ൻ​സ് ക്വാ​ളി​റ്റി വി​ഭാ​ഗ​ത്തി​ലെ ഡോ. ​ല​ക്ഷ്മി, സ്റ്റേറ്റ് നോഡൽ ഓഫീസർ നിഖിലേഷ് മേനോൻ, ഡെ​പ‍്യൂ​ട്ടി ഡി.​എം.​ഒ ഡോ. ​പി.​എം. ഫ​സ​ൽ, മ​ല​പ്പു​റം ജി​ല്ല പ്രോ​ഗ്രാം ഓ​ഫി​സ​ർ ഡോ. ​അ​നൂ​പ്, ജി​ല്ല സ​ർ​​വെ​യ്‍ല​ൻ​സ് ഓ​ഫി​സ​ർ ഡോ. ​സു​ബി​ൻ, ടെ​ക്നീ​ഷ‍്യ​ൻ സു​രേ​ഷ് കു​മാ​ർ, വ​ഴി​ക്ക​ട​വ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​അ​മീ​ൻ ഫൈ​സ​ൽ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

രോഗം സ്ഥിരീകരിച്ച സ്ഥലങ്ങൾ, വഴിക്കടവ് ടൗൺ ജലനിധി കിണർ, പരിസരം, കാരക്കോടൻ പുഴ എന്നിവിടങ്ങളിൽ സംഘം പരിശോധന നടത്തി. പുഴ മലിനമാണെന്നാണ് പ്രാഥമിക പരിശോധനാ ഫലം വ്യക്തമാക്കുന്നത്. പഞ്ചായത്തിലെ വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിന് ശേഷം പ്രാദേശികമായി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിക്ക് രോഗം പടരാതിരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി.

കാരക്കോടൻ പുഴ ഒരാഴ്ച തുടർച്ചയായി ശാസ്ത്രീയമായി ക്ലോറിനേഷൻ ചെയ്യുക, പ്രദേശത്തെ ജലസംഭരണി ഉൾപ്പെടെയുള്ള കുടിവെള്ള പദ്ധതി കിണറുകളും ജലസ്രോതസ്സുകളും വൃത്തിയാക്കുക, മലിനമായ കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നത് ഒഴിവാക്കുക, ഹോട്ടലുകൾ, സമീപത്തെ വീടുകൾ, അഴുക്കുചാലുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലം പുഴയിലേക്ക് ഒഴുകുന്നത് കണ്ടെത്തി തടയുക എന്നിവയാണ് അടിയന്തര നിർദ്ദേശങ്ങൾ. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ പഞ്ചായത്തിൽ ആംബുലൻസ് സജ്ജമാക്കിയിട്ടുണ്ട്. ഒരാഴ്ച അതീവ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …