ബംഗാൾ: കടുത്ത ചൂടിനിടയിൽ പശ്ചിമ ബംഗാളിൽ മഞ്ഞുവീഴ്ച. ചെറിയ അളവിലുള്ള മഞ്ഞുവീഴ്ചയല്ല, കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മേദിനിപൂരിൽ കിലോ കണക്കിന് ഭാരമുള്ള ഭീമൻ മഞ്ഞുകട്ടയാണ് വീണത്. 10 കിലോയോളം ഭാരമുള്ള ഭീമൻ മഞ്ഞ് കട്ട ആകാശത്ത് നിന്ന് വീണതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി. അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുമെന്ന് നാട്ടുകാർ ഭയന്നു.
ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. പശ്ചിമ മേദിനിപൂർ ജില്ലയിലെ ഡെബ്ര ബ്ലോക്കിലെ മൊളിഹാട്ടി ഏരിയ നമ്പർ 7 ലെ ബാലചക് പ്രദേശത്തായിരുന്നു സംഭവം. ഗ്രാമവാസിയായ നകുൽ ജനയുടെ വീടിന് മുന്നിൽ വലിയ ശബ്ദത്തോടെ ഭീമാകാരമായ മഞ്ഞ് കട്ട വീഴുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മഞ്ഞ് കട്ട വീണതോടെ ഏറെ നേരത്തേക്ക് ആളുകൾ ആശങ്കാകുലരായിരുന്നു. എന്നാൽ അപകടകരമായി ഒന്നുമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ഉത്കണ്ഠ ആവേശത്തിന് വഴിമാറി.
തികച്ചും അപ്രതീക്ഷിതമായാണ് മഞ്ഞുവീഴ്ചയുണ്ടായത്. സൂര്യൻ ഉദിച്ച് അധികം വൈകാതെയായിരുന്നു സംഭവം. ഈ സമയത്ത് വീടിന് പുറത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. മുറ്റത്തേക്ക് എന്തോ ശക്തിയായി വീഴുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ പുറത്തിറങ്ങിയത്. 10 കിലോയിലധികം ഭാരമുള്ള ഒരു മഞ്ഞ് കട്ട നിലത്ത് കിടക്കുന്നത് കണ്ടു. പ്രകൃതിക്ഷോഭത്തിന്‍റെ ലക്ഷണമാണോ എന്ന് നാട്ടുകാർ ആശങ്കപ്പെട്ടിരുന്നതിനാൽ ഇതിനടുത്തേക്ക് വരാൻ ആദ്യം ആരും തയ്യാറായില്ല. പിന്നീട് ഭയപ്പെടാൻ ഒന്നുമില്ലെന്ന് മനസ്സിലായപ്പോൾ ആളുകൾ മഞ്ഞ് കട്ട കാണാൻ എത്തി തുടങ്ങി.