തിരുവനന്തപുരം: എം.ജി സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറും കണ്ണൂർ സർവകലാശാലയിലെ നിയമ പഠന വിഭാഗം മേധാവിയുമായ ഡോ.ഷീന ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിയെന്ന് പരാതി. പ്രബന്ധം കോപ്പിയടിയാണെന്നാരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ചാൻസലർക്ക് പരാതി നൽകിയത്. ഷീനയെ കണ്ണൂർ സർവകലാശാലയിലെ നിയമ പഠന വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ ശ്രീധര വാര്യരുടെ ‘മരുമക്കത്തായം’ എന്ന പുസ്തകത്തിലെ ഭാഗങ്ങൾ കോപ്പിയടിച്ചെന്നാണ് പരാതി. കേരളത്തിലെയും ലക്ഷദ്വീപിലെയും മുസ്ലിം കുടുംബ നിയമത്തിന്റെ സാധുതയും പ്രയോഗവും എന്ന വിഷയത്തിൽ 2009 ൽ തമിഴ്നാട്ടിലെ അംബേദ്കർ സർവകലാശാലയിൽ നിന്നാണ് ഷീന ഷുക്കൂർ ഡോക്ടറേറ്റ് നേടിയത്.